പൈതൽമല ട്രെക്കിങ്
- Anurag c
- Jul 16, 2020
- 3 min read

യാത്രകൾ ചിലപ്പോൾ ഒരു ഓർമപ്പെടുത്തൽ മാത്രം അല്ല ചില ഒത്തുചേരൽ കൂടിയാണ്. അങ്ങനെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഒരു കൂടിച്ചേരൽ അത് ഒരു യാത്രയിൽ നിന്ന് തുടങ്ങി. ഒട്ടു മിക്കവാറും യാത്രകൾ ഞങ്ങൾക്കിടയിലെ ചർച്ചകളിൽ മാത്രം അവസാനിക്കാറാണ് പതിവ്. അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ പൈതൽമല പോകുവാൻ തീരുമാനിച്ചു. അന്ന് ഞങ്ങള്ക്ക് അതൊരു ആദ്യ അനുഭവം ആയിരുന്നു. ഇതു വരെ പോകാത്ത ഒരു ഇടം. ഞങ്ങൾ 7 പേരുണ്ടായിരുന്നു. നേരം പുലർച്ചെ 4 ആയിക്കാണും, ഡാ..... പോകണ്ടേ. എഴുന്നേക്. യദു വിന്റെ ആ ഫോൺ കാൾ കേട്ട് ഞാൻ എഴുന്നേറ്റു, ഈ ട്രിപ്പിന്റെ കോഓർഡിനേറ്റർ ആശാൻ ആയിരുന്നു. ഒരു 10 മിനുട്ട് കഴിഞ്ഞപൊഴേയ്കും അവൻ എത്തി, പിന്നെ ബാക്കിയുള്ള അവമ്മാരെയും വീട്ടിൽ പോയി കയറ്റി. എല്ലാ ട്രിപ്പിലും കാണുന്ന പോലെ പോസ്റ്റ് ആക്കുന്ന ഒരുത്തൻ ഇവിടെയും ഇണ്ടായിരുന്നു, ആദർശ് 10മിനുട്ട് പറഞ്ഞു അര മണിക്കൂർ രാവിലേ തന്നെ പോസ്റ്റാക്കി.

പൈതൽമല, കണ്ണൂർ ടൗണിൽ നിന്ന് 60 km മാറി സ്ഥിതി ചെയുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും നടുവിൽ പൊട്ടൻപ്ലാവ് വഴി ഇവിടേക്ക് എത്താം കൂടാതെ ആലക്കോട് നിന്ന് മഞ്ഞപ്പുല്ല് വഴിയും. ഇവിടേക്ക് എത്തിച്ചേരാം. ഞങ്ങൾ പോയത് ആലക്കോട് വഴിയായിരുന്നു. ഈ രണ്ടുവഴി യും എത്തിച്ചേരുക മലയുടെ രണ്ട് അറ്റങ്ങളിൽ ആണ്.

അതിൽ ഒന്ന് ദുർഘടമായ പാതയാണ്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 4500ഉയരെ യാണ് പൈതൽമല നിലകൊള്ളുന്നത്. ഞങ്ങൾ അങ്ങനെ ഒരു 6 30 ഒക്കെ ആയപോയേക്കും മഞ്ഞപ്പുല്ല് എന്ന സ്ഥലത്ത് എത്തി.

നല്ല ഒരു പഴയ ചായക്കട അവിടെ കയറി ചായയും കുടിച് നേരെ വിട്ടു പൈതല്മലയിലേക്. അവസാനം റോഡ് അവസാനിച്ചു. ഞങ്ങൾ പരസ്പരം ചോദിച്ചു, വഴി തെറ്റിപോയോ.. അതിരാവിലെ ആയത്കൊണ്ട് മറ്റാരെയും കാണാൻ ഇല്ല. ഞങ്ങൾ വണ്ടി നിർത്തിയത് ഒരു കുന്നിൻ ചെരിവിൽ ആയിരുന്നു. നല്ല വ്യൂ. വണ്ടിയിൽ നിന്ന് ഇറങ്ങി അതൊക്കെ ഒന്ന് ആസ്വദിക്കുകയായിരുന്നു.

പിന്നിൽ നിന്ന് ഒരു വിളി, ഹലോ... പൈതല്മലയിലേക്കാണോ.... ഓ ഭാഗ്യം ഞങ്ങൾക്ക് വഴി തെറ്റിയില്ല. അയാൾ അവിടെത്തെ ഗൈഡ് ആയിരുന്നു. അയാൾ ഒരു കുന്നിന്റെ മുകളിലേയ്ക്കു കൈചൂണ്ടി കാണിച്ചു ദാ.. അതാണ് സ്ഥലം. ഇതുവഴി പോകുന്നത് കുറച് സാഹസികത ആണെന് അദ്ദേഹം ആദ്യമേ സൂചിപ്പിച്ചു.

സാഹസികത ഇഷ്ടപ്പെടുന്നവരാണ് ഇതു വഴി കയറാറുള്ളത് എന്നും അല്ലാത്തവർ പൊട്ടൻപ്ലാവ് എന്ന സ്ഥലം വഴിയാണ് പോകാറ് എന്നും പറഞ്ഞു. ഇതു കേട്ടപ്പോൾ ആദ്യം ഒന്നു ആലോചിച്ചെങ്കിലും ഞങ്ങളുടെ ആകാംഷ ഒന്നുടെ കൂട്ടി. ഇതു വഴി കയറിയാൽ പൈതൽമല യുടെ സൗന്ദര്യം കൂടുതൽ ആസ്വദിക്കാം. ഞങ്ങൾ അങ്ങനെ നടക്കുവാൻ തുടങ്ങി, ഒരു 15 മിനുട്ട് നടന്നപ്പോൾ ഗൈഡ് ഒരു മലയുടെ അരികിൽ ഉള്ള വഴി കാണിച്ചിട്ട് പറഞ്ഞു ഇതു വഴി ഒരു 45 മിനുട്ട് നടന്നാൽ മതി മുകളിൽ എത്താം എന്ന്.

അങ്ങനെ ഗൈഡ് തിരിച്ചു പോയി. ചുറ്റും നല്ല കാട്, കൂടെയാണേൽ വേറെ ടീമും ഇല്ല. ആദ്യം ഒന്നും പകച്ചു. പിന്നെ അങ്ങ് നടക്കുവാൻ തുടങ്ങി. കൈയിൽ വെള്ളം എടുത്തത് നന്നായിരുന്നു ഒരു 15 മിനുട്ട് കഴിഞ്ഞപോയേക്കും വെള്ളം തീർന്നു. അങ്ങനെ കയറി കയറി എല്ലാരും സൈഡ് ആയി. മഴകാലം ആയാൽ ഇതു വഴിയുള്ള യാത്ര തീർത്തും ദുഷ്കരം ആകും, പോരാത്തതിന് അട്ടയും. ദൂരം പിന്നിടുംതോറും വഴിയുടെ അകലം കുറഞ്ഞു വന്നു.

കഷ്ട്ടിച്ചു ഒരാൾ ക്ക് മാത്രം നടക്കാം. ചുറ്റും നല്ല കാട്. ഉള്ളിൽ ചെറിയ ഭയം ഇല്ലാതെ ഇല്ല. ഇടയ്ക്കിടയ്ക്ക് വഴി മുറിച്ചു പോകുന്ന നീർച്ചാലുകൾ കാണാം. അങ്ങനെ വെള്ളം കുടിച്ചു ദാഹം മാറ്റി. വെള്ളത്തിനു നല്ല തണുപ്പ് ഉണ്ടായിരുന്നു. ചില ഇടങ്ങളിൽ വഴി ക്ക് കുറുകെ പൊട്ടിവീണ മരങ്ങൾ കടന്നുവേണം പോകാൻ. ഒരു സൈഡിൽ നല്ല കാടും മറ്റേ സൈഡിൽ നല്ല ചെരിവും. വളരെ സൂക്ഷിച്ചുവേണം കയറുവാൻ, മഴക്കാലത് നല്ലതു പോലെ തെന്നിവീഴാൻ സാധ്യത ഉണ്ട്.

ഞങ്ങൾ ഏകദേശം ഒരു അര മണിക്കൂർ ആയിക്കാണും. ഇതു വരെ ആയിട്ട് സൂര്യന്റെ ഒരു വെളിച്ചമോ, ആകാശമോ ഞങ്ങൾക്ക് കാണുവാൻ സാധിച്ചിട്ടില്ല, അത്രയ്ക്കും നല്ല കാടായിരുന്നു. അങ്ങനെ നടന്നു പോകുമ്പോൾ ഒരു അനക്കം കേട്ടു മനസിൽ കരുതിയത് പോലെ തന്നെ ഒരു പാമ്പ്. അത്ര വലിയ വലിപ്പം ഒന്നുമില്ല കണ്ടിട്ട് അണലി യുടെ കുട്ടിയെ പോലെ തോന്നി, അത് അതിന്റെ വഴിക്ക് പോയി ഞങ്ങൾ വീണ്ടും നടക്കുവാൻ തുടങ്ങി. ഏകദേശം അയാൾ പറഞ്ഞ ദൂരം ഒക്കെ പിന്നിട്ടു, എന്നിട്ടു മുകളിൽ എത്തിയിട്ടില്ല. തിരിച്ചു ഇറങ്ങിയാലോ എന്ന് വരെ ആലോചിച്ചു.

അങ്ങനെ ഞങ്ങൾ ഒന്ന് ഉച്ചത്തിൽ കൂവി, തിരിച്ചു ഒരു കൂവൽ കിട്ടി. എന്തായലും അത് എക്കോ അല്ല. ഒരു പെണ്ണിന്റെ ശബ്ദം ആയിരുന്നു. അങ്ങനെ ഞങ്ങൾ മുകളിൽ എത്താറായെന്നു ഉറപ്പിച്ചു നടന്നു. കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോൾ വെളിച്ചം പതിയെ വരാൻ തുടങ്ങി ഇപ്പോ ആകാശം കാണാം. അങ്ങനെ ഞങ്ങൾ എത്തിയിരിക്കുന്നു. കുറച്ചു പാറകൾ കൂടി കയറിയാൽ മുകളിൽ എത്താം. അവസാനം ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തി. അവിടെ ആ സമയം ഞങ്ങളെ കൂടാതെ വേറെയും കുറേ ആൾക്കാരെ കാണാം. പക്ഷെ അവരൊക്കെ മറ്റേ വഴിയിലൂടെ കയറിയവരാണ്.

ചുറ്റും നല്ല കോട, ഏകദേശം 4100 ഏക്കറിലായിട്ടാണ് പൈതൽമല നിലകൊള്ളുന്നത്. കേരള കർണാടക അതിർത്തി ആയതുകൊണ്ട് കർണാടകയുടെ ഭാഗങ്ങളും കുടകും കണ്ണൂർ ജില്ലയുടെ ഒട്ടുമിക്ക സ്ഥലങ്ങളും ഇവിടെനിന്ന് കാണാം. ഇവിടുന് കാണുന്ന കൂർഗ് വനങ്ങൾക് ഒരു പ്രത്യേക ഭംഗിയാണ്. അപൂർവയിനം ചിത്രശലഭങ്ങളും വിവിധയിനം പക്ഷികളും ഇവിടെ കാണാം.

ചുറ്റും ഒരാൾ വലിപ്പത്തിൽ നല്ല പച്ച പുല്ലുകൾ ആണ്. അതിനെ തഴുകി വരുന്ന തണുത്ത കോടയും. പകൽ ആന ഇറങ്ങാറുണ്ടെകിലും ഭാഗ്യം ഉള്ളവർ മാത്രമേ കാണാൻ പറ്റിയിട്ടുള്ളു. സാഹസികത ഇഷ്ടപ്പെടുന്നവർ ഇതു വഴി തന്നെ കയറണം. നീണ്ടുനിവർന്നു കിടക്കുന്ന മലനിരകൾ, അതിന്റെ മുകളിലൂടെ കൊടയെ തലോടി നടക്കണം.




Comments