വേനലിലെ ഏഴരകുണ്ട് വെള്ളച്ചാട്ടം
- Anurag c
- May 30, 2020
- 2 min read

യാത്രകൾ പലതും അവിചാരിതമായി നടക്കുന്നതാണ്, ഇന്നത്തെ യാത്രയും അങ്ങനെ ആണ്. എപ്പോളും ഉള്ള പോലെ തലേന്ന് രാത്രി തോന്നിയ ചിന്തയുടെ പുറത്ത് ഒന്ന് ഏഴരകുണ്ട് വെള്ളച്ചാട്ടം പോകുവാൻ വേണ്ടി തീരുമാനിച്ചു.പോകുന്ന വഴിക്ക് പാലക്കയംതട്ടും കേറണം. പലതവണ പാലക്കയം തട്ട് പോയിട്ടുണ്ടെങ്കിലും അവിടുന്നുള്ള സൂര്യോദയം ഇതുവരെ കണ്ടിട്ടില്ല. അതായിരുന്നു ഈ യാത്രയുടെ പ്രചോദനം. അതിരാവിലെ വണ്ടിയുമായി ഇറങ്ങി. കുറച്ചു നാളത്തെ ആഗ്രഹം ആയിരുന്നു സൂര്യോദയം കണ്ടുകൊണ്ട് ഒരു കട്ടൻ കുടിക്കണം എന്നത്.

അങ്ങനെ ഫ്ലാസ്കിൽ കട്ടനും എടുത്തുകൊണ്ട് യാത്ര തുടങ്ങി.ഏകദേശം ഒരു ഒന്നര മണിക്കൂർ ദൂരമേ ഉള്ളു. റോഡിൽ ഇതു വരെ വെളിച്ചംവീണില്ല, നല്ല ഇരുട്ട് തന്നെയാ ഇപ്പോഴും, വേനൽക്കാലം ആണെകിലും തണുപ്പിന് ഒരു കുറവുമില്ല. അങ്ങനെ കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് വഴി പാലക്കയം എത്തി.നേരം പുലർന്നു വരുന്നതേ ഉള്ളു, അത്യാവശ്യം നല്ല കോടയും ഉണ്ട്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3500 കിലോമീറ്റർ ഉയരം ഉണ്ട്, അതുകൊണ്ട് തന്നെ ഒരുപാട് ദൂരമുള്ള കാഴ്ചകൾ കാണാൻ പറ്റും.നടുവിൽ പഞ്ചായത്തിൽ ആണ് പാലക്കയംതട്ട് സ്ഥിതി ചെയ്യുന്നത്.ഡിടിപിസി ഏറ്റെടുത്ത് തുടങ്ങിയത് മുതൽ ആണ് ഇതു ഒരു ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെട്ട് തുടങ്ങിയത്.അങ്ങനെ പാലക്കയംതട്ടിന്റെ മുകളിൽ എത്തി, ദേ, സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ, പോരാത്തതിന് നല്ല കോടയും കൂട്ടിനു നല്ല കട്ടനും. ഇതായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യസ്ഥാനം. സൂര്യോദയം കണ്ട് നേരെ വിട്ടു ഏഴരകുണ്ട് വെള്ളച്ചാട്ടത്തിലേക്ക്. ഏകദേശം ഇവിടെ നിന്ന് 10 കിലോമീറ്റർ മാത്രം ദൂരം, കുടിയാൻമലയ്ക് അടുത്തായി സ്ഥിതിചെയുന്നു. പാലക്കയം തട്ടിൽ നിന്ന് മണ്ടലം, കുടിയാന്മല വഴി ഏഴര കുണ്ട് എത്താം. ട്രെക്കിങ്ങ് താല്പര്യം ഇല്ലാത്തവർക്ക് റോഡ് മാർഗം വെള്ളച്ചാട്ടത്തിന്റെ മുകളിൽ എത്തിച്ചേരാം, അവിടെയും ഒരു എൻട്രി പോയിന്റ് ഉണ്ട്.

എന്തൊക്കെ ആയാലും ഈ 2 കിലോമീറ്റർ പ്രകൃതി സൗന്ദര്യവും കണ്ട് ആസ്വദിച്ചു നടന്ന് കേറുന്നത് ഒന്ന് വേറെ തന്നെയാ....വേനൽ കാലം ആയത് കൊണ്ട് വലിയ പ്രതീക്ഷകൾ ഒന്നുമില്ല.വെള്ളച്ചാട്ടത്തിൽ അപകടം കൂടിയത് കൊണ്ടും, ടൂറിസം പ്രൊമോട്ട് ചെയ്യുവാൻ വേണ്ടിയും ഇതും ഡിടിപിസി ഏറ്റെടുത് നടത്തുന്നു. 100 രുപയുടെ ടിക്കറ്റ് എടുത്താൽ അകത്തേക്കു പ്രവേശിക്കാം. ഏകദേശം 2 കിലോമീറ്റർ നടക്കണം വെള്ളച്ചാട്ടം എത്തുവാൻ. അങ്ങനെ ഞങ്ങളുടെ കൂടെ ഒരു ഗൈഡും കൂടേ വന്നു, പേര് ഞാൻ ഓർക്കുന്നില്ല, നല്ല ഒരു മനുഷ്യൻ പോകുന്ന വഴി എല്ലാ കാര്യങ്ങളും നനിർദ്ദേശങ്ങളും തന്നു. ചുറ്റും നിറയെ മുളയുടെ കാടുകൾ ആയതിനാൽ പാമ്പുകൾ ധാരാളം കാണും അതുകൊണ്ട് ഒരു വടി കൈയിൽ കരുതുവാൻ പറഞ്ഞു, അങ്ങനെ ഒരു വടിയും ആയി വെള്ളച്ചാട്ടത്തിലേക് നടന്നു.

ചുറ്റും ചെറിയ കാട്, ഇടയ്ക്ക് ചില അരുവികളും കാണാം. അങ്ങനെ 20മിനുട്ട് നടത്തത്തിനു ശേഷം ലക്ഷ്യസ്ഥാനത്ത് എത്തി. ഏഴ് വലിയ കുഴികളും ഒരു ചെറുകുഴിയും ചേര്‍ന്നതാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം.

വേനൽക്കാലം ആയതിനാൽ വെള്ളം കുറവാണ്.

ജൂൺ മുതൽ ഡിസംബർ വരെ ആണ് ഇവിടെ വരാൻ പറ്റിയ സമയം. ചെരിവുകൾ ഉള്ള വഴിയിലുടെ നടന്ന് അവസാനം എത്തിയത് വെള്ളച്ചാട്ടത്തിന്റെ അടുത്താണ്, സമീപത്തായി ഒരു ഷെഡ് കാണാം. സഞ്ചാരികൾക്കുള്ള ഡ്രസിങ് റൂം ആണ്. കൂടാതെ ലൈഫ് ജാക്കറ്റും കിട്ടും. ഇടയ്ക്കിടെ അപകടങ്ങൾ സംഭവിക്കുന്നത് കാരണം 10 പേർക് ഒരു സെക്യൂരിറ്റി ഗാർഡ് എന്ന നിലയ്ക്ക് 3 സെക്യൂരിറ്റി കൾ ഇവിടെ ഉണ്ട്. പേര് പോലെത്തന്നെ 7 കുഴികളാൽ രൂപപെട്ട വെള്ളച്ചാട്ടം, വേനൽ ആയതിനാൽ വെള്ളം നീരുറവ പോലെ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ നല്ല തണുപ്പും. അങ്ങനെ സൂര്യൻ ഉച്ചിയിൽ എത്തുന്നത് വരെ വെള്ളത്തിൽ കുളിച്ചു.

സഞ്ചാരികളുടെ തിരക്ക് കൂടി തുടങ്ങി, അങ്ങനെ അവിടുന്ന് തിരിച്ചു. പോകുന്ന വഴിയിൽ കാടിനുള്ളിൽ മനുഷ്യനിർമിത ഇരിപ്പിടങ്ങൾ കാണാം.

പ്രകൃതിയെ നോവിക്കാത്ത ഉള്ള ഇത്തരം നിർമിതികൾ കാടിന്റെ ആസ്വാദനം കൂട്ടുന്നു. അടുത്ത മഴകാലത്തിനായി കാത്തിരിക്കുന്നു.
ഒരോ യാത്രയും തരുന്ന അനുഭവങ്ങൾ വലുതാണ്. മറ്റൊരു യാത്രയിൽ വീണ്ടും കണ്ടുമുട്ടാം.




👍👍 intresting !!!